കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ, രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍; ഹര്‍ഷിന കേസില്‍ 700 പേജുള്ള കുറ്റപത്രം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാലുപ്രതികളാണ് ഉള്ളത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികളെന്ന് എസിപി കെ സുദര്‍ശന്‍…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാലുപ്രതികളാണ് ഉള്ളത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് പ്രതികളെന്ന് എസിപി കെ സുദര്‍ശന്‍ അറിയിച്ചു.750 പേജുള്ള കുറ്റപത്രത്തില്‍ 60 സാക്ഷികളാണ് ഉള്ളത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിനാണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. medical negligence act പ്രകാരം എടുത്ത കേസില്‍ അന്വേഷണം നടത്തി എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഹര്‍ഷിന 2017 ഫെബ്രുവരിയില്‍ നടത്തിയ എംആര്‍ഐ സ്‌കാന്‍ കേസില്‍ നിര്‍ണായകമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് ഉയര്‍ത്തുന്ന വാദം നിരാകരിക്കുന്നതാണ് കുറ്റപത്രം. ആദ്യ രണ്ടു പ്രസവ ശസ്ത്രക്രിയയില്‍ കത്രിക കുടുങ്ങിയിട്ടില്ല. അങ്ങനെയെങ്കില്‍ എംആര്‍ഐ സ്‌കാനില്‍ തെളിയുമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മെഡിക്കല്‍ ബോര്‍ഡിന് മുന്‍പാകെ എംആര്‍ഐ സ്‌കാനിനെ കുറിച്ച് ഹര്‍ഷിന പറഞ്ഞിരുന്നില്ല. എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെയാണ് ഹര്‍ഷിന ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയയ്ക്കിടെ കത്രിക കൈകാര്യം ചെയ്യുന്നതില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഭാഗത്ത് നിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹര്‍ഷിന പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ പൂര്‍ണമായി നീതി ലഭിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story