രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്,സെക്രട്ടേറിയേറ്റ് മാര്‍ച്ചും ‘സമരജ്വാല’യും

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്,സെക്രട്ടേറിയേറ്റ് മാര്‍ച്ചും ‘സമരജ്വാല’യും

January 10, 2024 0 By Editor

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

വഞ്ചിയൂര്‍ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം പൊലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.