കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.
കിഫ്ബി മസാലബോണ്ട് കേസില്‍ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയപ്പോള്‍ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുശേഷം, ചില പോരായ്മകളുണ്ടെന്ന് വിലയിരുത്തി ഇഡി സമന്‍സ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്.
അന്വേഷണത്തെ തടയുന്ന ഒരു നടപടിയും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഡി അധികൃതര്‍ സൂചിപ്പിക്കുന്നത്. നേരത്തെ ജനുവരി 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവ് കാരണം ജനുവരി 21 വരെ തിരക്കിലാണെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.