കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് എംവിഐ അറസ്റ്റില്‍

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ…

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍ നിന്നും പതിനായിരം രൂപ കണ്ടെടുത്തു.

ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിന്‍ ഐഡി അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്തിരുന്നു. ഐഡി തിരികെ നല്‍കാന്‍ പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. അവധി ദിവസമായതിനാല്‍ പണം വീട്ടില്‍ കൊണ്ടു വന്നു നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം, കടയുടമ അബ്ദുള്‍ ജലീലിന് വീട്ടിലെത്തി കൈമാറി. പരാതിക്കാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിനകത്തെത്തി എംവിഐയെ പിടികൂടുകയായിരുന്നു.

മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയില്‍ ചാക്കിനകത്ത് ഒളിപ്പിച്ചിരുന്നു. ചാക്കില്‍ നിന്നാണ് പണം കണ്ടെടുത്തത്. ജലീലിനെതിരെ മുമ്പും നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും, എന്നാല്‍ തെളിവില്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും വിജിലന്‍സ് സംഘം സൂചിപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story