മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം- പഠനം

കൊച്ചി: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ…

കൊച്ചി: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വെളിപ്പെടുത്തുന്നു.

ട്രോളിംഗ് നിരോധനം കാരണം പിടിച്ചെടുക്കാൻ കഴിയാതെ പോകുന്ന കരിക്കാടി ചെമ്മീൻ സമ്പത്ത്, തീരക്കടലുകളിൽ നിന്ന് ഇവ പിന്നീട് ആഴക്കടലുകളിലേക്ക് നീങ്ങുന്നതിനാൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയന്നിരുന്നു. നിരോധനം നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളാണ് ഈ ധാരണക്ക് വഴിയൊരുക്കിയത്. എന്നാൽ, ഉപ്പിന്റെ അളവ് കൂടുതലുള്ള ആഴക്കടലുകളിലേക്ക് ഇവ നീങ്ങുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ട്രോളിംഗ് നിരോധനം കഴിഞ്ഞയുടൻ 50 മുതൽ 100 മീറ്റർ വരെ ആഴങ്ങളിൽ നിന്ന് ഈ ചെമ്മീൻ പിടിക്കാൻ സാധിക്കുമെന്ന് സിഎംഎഫ്ആര്‌ഐ പഠനം പറയുന്നു.

മാത്രമല്ല, മൺസൂൺകാലങ്ങളിൽ തീരക്കടലുകളിൽ വളരെ ചെറിയ ഇനം ചെമ്മീനുകളാണ് കാണപ്പെടുന്നത്. ഇക്കാലയളവിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിലൂടെ അവയുടെ പ്രജനനം തുടരാനും കൂടുതൽ അളവിലും വലിപ്പത്തിലും വളർച്ച കൈവരിക്കാനുമാകുന്നു. ഇക്കാരണത്താൽ, മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഏറെ ഗുണകരമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ട്രോളിംഗ് നിരോധന ശേഷമുള്ള ആഗസ്ത്-സെപ്തംബർ മാസങ്ങളിൽ 50 മുതൽ 100 മീറ്റർ വരെ ആഴങ്ങളിൽ നിന്ന് മികച്ച വളർച്ച നേടിയ കരിക്കാടി ചെമ്മീൻ പിടിക്കാവുന്നതാണ്. മഴക്കാലത്ത് തീരക്കടലുകളിൽ ഉപ്പിന്റെ അംശം കുറയുന്നത് കാരണമാണ് ഇവ ആഴക്കടലുകളിലേക്ക് മാറുന്നത്. പിന്നീട് തീരക്കടലുകളിൽ ഉപ്പിന്റെ അളവ് അനുകൂലമാകുന്നതോടെ പിടിച്ചെടുക്കാതെ പോകുന്ന വലിയൊരു വിഭാഗം കരിക്കാടി ചെമ്മീൻ സമ്പത്ത് തീരക്കടലുകളിലേക്ക് തിരിച്ചെത്തുന്നതായും പഠനത്തിൽ കണ്ടെത്തി. റീജ്യണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രോൾ മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയതെന്ന് സിഎംഎഫ്ആർഐ ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ എ പി ദിനേശ്ബാബു പറഞ്ഞു. കരിക്കാടി ചെമ്മീനിന്റെ കടലിലെ സഞ്ചാരവും ഏതൊക്കെ പാരിസ്ഥിതിക ഘടകങ്ങളാണ് അവയെ സ്വാധീനിക്കുന്നതെന്നും മാപ്പിംഗിലൂടെ ശാസ്ത്രീയമായി കണ്ടെത്താൻ പഠനം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story