പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വൈദ്യുതി ടവറില്‍ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി

February 8, 2024 0 By Editor

തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്.

തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാര്‍ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ വഴക്കു പറഞ്ഞു.

ഇതില്‍ കുപിതനായാണ് വിദ്യാര്‍ഥി വൈദ്യുതി ടവറില്‍ കയറിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടു നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇവര്‍ ജീവന്‍ പണയം വച്ചാണ് കുട്ടിയെ താഴെയിറക്കിയത്.