കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു, മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു, മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

March 3, 2024 0 By Editor

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടർന്നുപിടിക്കുകയാണ് കേരളത്തിൽ. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടുചെയ്തിട്ടുള്ളത്. സ്‌കൂളുകളിൽ മിക്കവാറും ക്ലാസുകൾ കഴിഞ്ഞതിനാൽ അതുവഴി കൂടുതൽ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാൽ ചിക്കൻപോക്‌സ് കൂടുതലായി കണ്ടേക്കാമെന്നതിനാൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. മലപ്പുറം ഉൾപ്പെടെ പല ജില്ലകളിലും ചിക്കൻപോക്‌സും മുണ്ടിനീരും റിപ്പോർട്ടുചെയ്യുന്നുണ്ട്. എന്നാൽ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്‌സ് വന്നാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദേശിച്ചു.

കേരളത്തിൽ ഈവർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ് വന്നതായാണു റിപ്പോർട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയർന്നുനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ചിക്കൻപോക്‌സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വൽ ലീവ് എടുക്കാൻ മുൻപ്‌ അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതൽ അത് പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. സാധാരണഗതിയിൽ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാൽ അത്യപൂർവമായിട്ടാണെങ്കിലും ചിക്കൻപോക്‌സ്‌മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുൻപ്‌ രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.