‘ഡീനിന്‍റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല; മരണവിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് ഞാന്‍’; ഡീന്‍

‘ഡീനിന്‍റെ ജോലി സെക്യൂരിറ്റി സര്‍വീസല്ല; മരണവിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് ഞാന്‍’; ഡീന്‍

March 3, 2024 0 By Editor

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികരണവുമായി സര്‍വകലാശാല ഡീന്‍ എം.കെ നാരായണന്‍. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയതെന്നും പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും ഡീന്‍ പറഞ്ഞു. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ലെന്നും, സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.കെ നാരായണന്‍ കൂട്ടിചേർത്തു.

‘ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡൻ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടെയെത്തി. കുട്ടികൾ പൊലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയിൽ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്’-എം.കെ നാരായണന്‍ പറഞ്ഞു.

‘ഡീൻ ഹോസ്റ്റല്‍ വാർഡൻ കൂടിയാണ്. എന്നാൽ വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ മറ്റ് നടപടികളും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതുമായ ഔദ്യോഗികനടപടികള്‍ നോക്കേണ്ടത് ഡീന്‍ ആണ്. അക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലെന്നും ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസ് അല്ല’- എം.കെ. നാരായണ്‍ പറഞ്ഞു.