കോഴിക്കോട്ട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ; . മോഷണശ്രമത്തിനിടെ കൊന്നു, തല തോട്ടിൽ ചവിട്ടിത്താഴ്ത്തി

പേരാമ്പ്ര (കോഴിക്കോട്): നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായത്. വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണത്തിലാണ് പ്രതി പിടിയിലായത്. അനുവിന്റെ മരണം കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനവും. നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മുൻപ് ബലാത്സംഗ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നുവെന്നാണ് സൂചന.

മോഷണശ്രമത്തിനിടെയാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്ത്തിയതായും സൂചനയുണ്ട്. യുവതി മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എങ്കിലും അനുവിനെ മുക്കിക്കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പൊലീസ് തള്ളിയിരുന്നില്ല.

മരണത്തിനു മുൻപ് ബലപ്രയോഗം നടന്നതായി സംശയമുണ്ട്. കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. മോഷണമായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. പീഡനം നടന്നതിന്റെ ലക്ഷണമില്ല.

തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.അനുവിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ച് നാട്ടുകാർ നേരത്തേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞിരുന്നു. കമ്മൽ മാത്രമാണ് ശരീരത്തിൽ ഉള്ളത്. അത് സ്വർണവുമല്ല.തിങ്കളാഴ്ച രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്നു നടന്നുപോയ അനുവിനെ പിന്നീടാരും കണ്ടിട്ടില്ല.

മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story