ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.…

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.

നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി നാലു ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതികളും സഹകരണ ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞത്.

നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലെ ആവശ്യം. കാരണമൊന്നും കാണിക്കാതെ ബില്ലുകള്‍ തടഞ്ഞ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധിയുണ്ടാകുമെന്ന ഘട്ടത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തു കിടക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story