കെജ്‌രിവാളിന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി എ.എ.പി; ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും

കെജ്‌രിവാളിന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി എ.എ.പി; ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും

March 26, 2024 0 By Editor

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതി വളയൽ സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഇന്നു രാവിലെ 10 മണിക്ക് ഒത്തുചേരാന്‍ പ്രവര്‍ത്തകര്‍ക്ക് എഎപി നേതൃത്വം നിര്‍ദേശം നൽകി. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപി നീക്കം. ‘മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കേജ്‌രിവാളിനെ’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കമിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് തുറന്നുകാട്ടുകയാണ് ലക്ഷ്യം.

പ്രതിഷധം കനക്കുമെന്ന് വ്യക്തമായതോടെയാണ് ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പട്ടേൽചൗക് മെട്രോ സ്റ്റേഷന്റെ ഗേറ്റുകൾ അടച്ചു.