വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

April 18, 2024 0 By Editor

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രസംഗിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകലാശാലാ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.

സര്‍വകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിലക്കണമെന്ന് രജിസ്ട്രാര്‍ക്കു വിസി രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളില്‍ പുറത്തു നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിസി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

വിലക്ക് അവഗണിച്ച ബ്രിട്ടാസ് മുന്‍ നിശ്ചയിച്ച സമയത്തു തന്നെ എത്തി പ്രഭാഷണം നടത്തി .’ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. രാഷ്ട്രീയവിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പ്രഭാഷണം. സര്‍വകലാശാലകള്‍ സംവാദ വേദികളായി മാറണമെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പ്രഭാഷണം വിലക്കിയ വിസി ദാസ്യപ്പണി ചെയ്യുകയാണെന്നും ധാര്‍ഷ്ട്യമാണു കാട്ടിയതെന്നും ബ്രിട്ടാസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

കമ്മീഷനു വേണ്ടി തിരുവനന്തപുരം സബ് കലക്ടറാണ് സര്‍വകലാശാലാ രജിസ്ട്രാറോട് വിശദീകരണം തേടിയത്. രജിസ്ട്രാറുടെ വിലക്കു ലംഘിച്ച് പ്രസംഗം നടത്തിയ സാഹചര്യത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സബ് കലക്ടറുടെ കത്തില്‍ പറയുന്നു. അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി.