മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം: സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

തിരുവനന്തപുരം ∙ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎലും ശശിധരൻ കർത്തയുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, കമ്പനികളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ, അടിസ്ഥാന കാര്യങ്ങൾ തുടങ്ങിയവയിൽ വ്യക്തത വരുത്താനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ വാദം പൂർത്തിയായിരുന്നു.

വിധിപ്പകർപ്പ് തയാറാക്കുന്നതു പൂർത്തിയാകാത്തതിനാലാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിശദീകരണം കോടതി പരിശോധിച്ചശേഷം വിധിയുണ്ടാകും. മാത്യു കുഴൽ നാടൻ എംഎൽഎയാണ് കോടതിയിൽ ഹർജി നൽകിയത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണ് എതിർകക്ഷികൾ. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റി.

കോടതി വേണോ വിജിലൻസ് വേണോ എന്ന് തീരുമാനിക്കാൻ കോടതി നിർദേശിച്ചു. കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തയുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ സിഎംആർഎലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി, റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story