Begin typing your search above and press return to search.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് എടുക്കും, ഉത്തരവിട്ട് കോടതി
Sreejith Sreedharan | eveningkeralanews
തിരുവനന്തപുരം: മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം. കോടതി ഉത്തരവിട്ടു.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.
ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്.
തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
യദു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
Next Story