കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍: കണ്ടെത്തിയത് 40000 സിം കാർഡുകൾ, 180 ചൈനീസ് ഫോണുകൾ
മലപ്പുറം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചു കൊടുക്കുന്ന മുഖ്യ സൂത്രധാരൻ പൊലീസ് പിടിയിൽ. കർണാടകയിലെ മടിക്കേരിയിൽ വെച്ച് മലപ്പുറം സൈബർ ക്രൈം പൊലീസാണ് പ്രതിയായ അബ്ദുൾ റോഷനെ പിടികൂടിയത്. വേങ്ങര സ്വദേശിയുടെ 1,08,00,000 തട്ടിയെടുത്ത സംഘത്തെ സഹായിച്ചയാളാണ് അബ്ദുൾ റോഷൻ. ഇയാൾ മടിക്കേരിയിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു.
വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയം കണ്ട ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ കയറി ലഭിച്ച നമ്പർ വഴി വാട്സാപ്പിൽ ബന്ധപ്പെട്ടു. തുടർന്ന് ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചറിൽ പ്രത്യക്ഷപ്പെട്ട വാട്സാപ്പ് അക്കൗണ്ട് പറഞ്ഞ രീതിയിൽ തന്റെ കയ്യിലുള്ള 1,08,00,000, വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ചു. ഇതിനായി വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ലാഭവിഹിതം നൽകാതെ കബളിപ്പിച്ചുവെന്നതാണ് കേസ്. വേങ്ങര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതിൽ, കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുത്തു.
. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.