ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; പിന്നില്‍ ഹണി ട്രാപ്പ്; പ്രതിഫലം അഞ്ച് കോടി

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; പിന്നില്‍ ഹണി ട്രാപ്പ്; പ്രതിഫലം അഞ്ച് കോടി

May 25, 2024 0 By Editor

ധാക്ക: കൊൽക്കത്തയിൽ ചികിത്സക്കെത്തിയതിന് പിന്നാലെ കൊല്ലപ്പെട്ട അവാമി ലീഗ് എം.പി എം.ഡി. അൻവാറുൽ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തിൽ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയിൽ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെൺസുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട അൻവാറുൽ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊൽക്കത്തയിൽ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽവെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോൾ ഷീലാന്തി കൊൽക്കത്തയിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുൽ അസിമിനെ കൊൽക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച് അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു. അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നൽകിയെന്നാണ് സൂചന.

അൻവാറുൽ അസിമിനെ കൊലപ്പെടുത്തിയ ശേഷം കശാപ്പുകാരനെ വെച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. തൊലിയുരിച്ച് മാറ്റുകയും ചെയ്തു. ശേഷം മൃതദേഹ ഭാഗങ്ങൾ കൊൽക്കത്തയിൽ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുൽ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച് കൊൽക്കത്തയിലെ സുഹൃത്തായ ഗോപാൽ ബിശ്വാസ് ഈ മാസം 18ന് നൽകിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam