ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്ക് ഗുരുതര പരിക്ക്; യുവാവിന്റെ മൃതദേഹം ഓടയില്‍; ദുരൂഹത

June 6, 2024 0 By Editor

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ് ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നതായും എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതുമാണ് സംശയത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കുന്നവരാണ് ബുള്ളറ്റ് അപകടത്തില്‍പ്പെട്ടതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍വിവരം പൊലീസിനെ അറിയിച്ചു.

ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.