36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ; ആന ജനനങ്ങളില്‍ ആണും പെണ്ണും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് ഒരു ശതമാനം മാത്രം

ബാങ്കോക്ക്: 36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.. ആന 'അത്ഭുതമെന്ന്' പരിപാലകര്‍. മധ്യ തായ്‌ലന്‍ഡിലെ ആയുത്തായ എലിഫന്റ് പാര്‍ക്കില്‍ ഒരാഴ്ചമുമ്പായിരുന്നു പ്രസവം. ചാംചുരിയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ചാംചുരിയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ആനക്കുട്ടിയേയുള്ളൂവെന്നായിരുന്നു പരിപാലകരുടെ വിശ്വാസം. അതിനുള്ള തയാറെടുപ്പിലായിരുന്നു അവര്‍.

ആദ്യം പിറന്നത് കുട്ടിക്കൊമ്പനാണ്. അവനെ പരിചരിച്ചുകൊണ്ടിരിക്കെയാണു വലിയ ശബ്ദം കേട്ടത്. അതു രണ്ടാമത്തെ കുഞ്ഞാണെന്ന യാഥാര്‍ഥ്യം അമ്മയാനയ്ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. 'രണ്ടാമത്തെ പ്രസവം അവളെ പരിഭ്രാന്തിയയാക്കി. പിടിയാനക്കുട്ടിയുടെ മേല്‍ അവള്‍ കാലുകുത്തുന്നത് തടയാന്‍ പരിപാലകര്‍ക്ക് പണിപ്പെടേണ്ടിവന്നു'.

അതിനിടെ ചാരിന്‍ സോംവാങ്(31) എന്ന ആനപരിപാലകന്റെ കാലൊടിഞ്ഞു. ഒരു ശതമാനം ആന ജനനങ്ങളില്‍ മാത്രമാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നത്. അതില്‍ ആണ്‍-പെണ്‍ ഇരട്ടകള്‍ അപൂര്‍വ്വമാണെന്നും ഗവേഷണ സംഘടനയായ 'സേവ് ദ് എലിഫന്റ്‌സ്' പറയുന്നു. 'ഇതൊരു അത്ഭുതമാണ്. ആ കുഞ്ഞുപിടിയാന നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരും ആഹ്‌ളാദിച്ചു'- മൃഗഡോക്ടര്‍ ലാര്‍ഡോങ്താരെ മീപ്പാന്‍ പറഞ്ഞു.

Miracle': Rare male-female twin elephants born in Thailand

'പിടിയാന കുഞ്ഞിനെ ചവിട്ടാനോ തള്ളാനോ ശ്രമിക്കുന്നത് സാധാരണമാണ്... അവള്‍ കുട്ടിയാനയെ കൊല്ലുമെന്നു ഞാന്‍ ഭയപ്പെട്ടു, അതിനാല്‍ ഞാന്‍ മുന്നോട്ട് വന്ന് കുഞ്ഞിനെ ആനയില്‍നിന്ന് തടയാന്‍ ശ്രമിച്ചു,' 15 വര്‍ഷമായി പാര്‍ക്കില്‍ ജോലി ചെയ്യുന്ന സോംവാങ് പറഞ്ഞു.

ജനസംഖ്യയില്‍ ഭൂരിഭാഗവും ബുദ്ധമതക്കാരായ തായ്‌ലന്‍ഡില്‍ ആനകളെ പവിത്രമായി കണക്കാക്കുന്നു. അവ ഒരു ദേശീയ ചിഹ്‌നം കൂടിയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്ക് സന്ദര്‍ശകര്‍ക്കും ഇരട്ടകളെ കാണാന്‍ അനുവാദമുണ്ട്, പക്ഷേ അവരുടെ പാദരക്ഷകളും കൈകളും അണുവിമുക്തമാക്കിയ ശേഷം മാത്രം. തായ് ആചാരമനുസരിച്ച് ജനിച്ച് ഏഴ് ദിവസത്തിന് ശേഷം അവയ്ക്ക് പേര്‍ നല്‍കും. 55 കിലോഗ്രാം ഭാരമുള്ള പെണ്‍കുട്ടിയാന മറ്റ് ആനക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് അല്‍പം ചെറുതാണ്. ഒരു സ്റ്റൂളിന്റെ സഹായത്തോടെയാണ് അവളെ മുലയൂട്ടുന്നത്. അവളുടെ സഹോദരന് 60 കിലോഗ്രാം ഭാരമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story