വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അപകടം; ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

June 27, 2024 0 By Editor

തൃശൂര്‍: മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകന്‍ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്‌നലിന് സമീപമായിരുന്നു അപകടം.

സ്‌കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറി. ഷിജിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നുദിവസം മുന്‍പ് വാഹനാപകടത്തില്‍ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.

അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭര്‍ത്താവ്: ഷാജു. മറ്റൂര്‍ പനപറമ്പില്‍ കുടുംബാംഗമാണ്. മറ്റൊരു മകന്‍: അതുല്‍ (കിടങ്ങൂര്‍ സെയ്ന്റ് ജോസഫ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി).

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam