മുൻ ഭാര്യയുടെ നഗ്നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; ശ്രീജയുടെ മരണത്തിൽ ശ്രീജിത്ത് റിമാൻഡിൽ

മുൻ ഭാര്യയുടെ നഗ്നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; ശ്രീജയുടെ മരണത്തിൽ ശ്രീജിത്ത് റിമാൻഡിൽ

June 27, 2024 0 By Editor

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്. ഇതില്‍ മനംനൊന്താണു വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ജീവനൊടുക്കിയത്.

ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുൻ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളില്‍നിന്ന് അകന്നത്. ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടില്‍ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ശ്രീജിത്ത് മൊബൈലില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു സമീപവാസിക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam