അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തി ആരോഗ്യവകുപ്പ്; പിരിച്ചുവിടും

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി. എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്. സർവ്വീസിൽനിന്ന് പിരിച്ചുവിടുന്നതിന്റെ മുന്നോടിയായാണ് പരസ്യം നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

അനധികൃതമായ ജോലിക്ക് ഹാജരാകാത്തവർക്ക് ആരോഗ്യവകുപ്പ് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. തിരികെ സർവ്വീസിൽ പ്രവേശിക്കാൻ പലവട്ടം നിർദേശം നൽകി. എന്നിട്ടും മടങ്ങാത്തവരെയാണ് സർവ്വീസിൽനിന്ന് ഒഴിവാക്കുന്നത്. സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ ബാധിച്ചതോടെയാണ് ആരോഗ്യമന്ത്രി തന്നെ നടപടിക്ക് നിർദേശിച്ചത്.

പലരും നീണ്ട അവധിയെടുത്ത് വിദേശത്തേക്കുപോകുകയും സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുകയും ചെയ്യുന്നതുമൂലമാണ് തിരികെ പ്രവേശിക്കാതിരിക്കുന്നത്. ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനാലാണ് ഇവരിൽ പലരും സർക്കാർ സർവ്വീസിലേക്ക് മടങ്ങാതിരിക്കുന്നത്. വിരമിക്കുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിച്ച് പെൻഷൻ ഉറപ്പാക്കുന്ന രീതിയും ഉണ്ട്. ഇതൊന്നും ഇനി അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

16 വർഷമായി ജോലിക്ക് എത്താത്ത ഡോക്ടർ വരെ പരസ്യത്തിൽ പേരുവന്നവരുടെ കൂട്ടത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിചെയ്തിരുന്ന എൻ.പി. മുഹമ്മദ് അസ്ലമാണ് 2008 മുതൽ ജോലിക്കെത്താതിരിക്കുന്നത്. ഈ ഡോക്ടർക്കെതിരെ പോലും ഇതുവരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. 2023 ഒക്ടോബർവരെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരുടെ പേരുകളാണ് പരസ്യത്തിലുള്ളത്. ജനറൽ മെഡിസിൻ, കാർഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലെ ഡോക്ടർമാരും പട്ടികയിൽ ഉണ്ട്.

ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ആരോഗ്യ വകുപ്പിൽ അനധികൃതമായി സർവീസിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്നതിനാലാണ് കർശന നടപടിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയത്. ഇതിന്റെ ആദ്യപടിയാണ് ഡോക്ടർമാരെ പിരിച്ചുവിടുന്നത്. മറ്റ് വിഭഗങ്ങളിലെ ജീവനക്കാർക്കെതിരേയും വരുംദിവസങ്ങളിൽ നടപടിയുണ്ടാകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story