
നവജാതശിശുക്കളായ ഇരട്ടകളിൽ ഒരാളെ മറിച്ചുവിറ്റു; ആശുപത്രി ഉടമ ഉൾപ്പെടെ 4 പേർ പിടിയിൽ
July 10, 2024നവജാതശിശുവിനെ തട്ടിയെടുത്തു മറിച്ചുവിറ്റ കേസിൽ ആശുപത്രി ഉടമ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിയുടെ ആൺകുട്ടിയെയാണ് ഇവർ മറ്റൊരു യുവതിക്ക് വിറ്റത്.
പകരം മറ്റൊരു യുവതി പ്രസവശേഷം ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ ഇരട്ടകളിലൊരാളാണെന്ന് തെറ്റിദ്ധരിപ്പിച്ചു ദമ്പതികൾക്കു നൽകി. ആശുപത്രി ഉടമകളിൽ ഒരാളായ തബ്സും ഖാൻ (40), ഏജന്റുമാരായ അഞ്ജലി ശർമ (28), ബെഗ്‌രാജ് സിങ് (28), പണം നൽകി ആൺകുട്ടിയെ വാങ്ങിയ റിഹാന (40) എന്നിവരാണ് പിടിയിലായതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി രാജേഷ് ദേവ് പറഞ്ഞു.
സൗത്ത് ഈസ്റ്റ് ഡൽഹിയിൽ താമസിക്കുന്ന വിവേക് കുമാറിന്റെ ഭാര്യ സുഷമ ഗൗതം കഴിഞ്ഞ 3നാണ് അബുൽ ഫസൽ എൻക്ലേവിലെ മെഡി കെയർ ആശുപത്രിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ജനിച്ച ഉടൻ കുട്ടികളെ വിവേകിനെ കാണിച്ചെങ്കിലും ഇരട്ടകൾ ആൺകുട്ടിയും പെൺകുട്ടിയുമാണെന്ന കാര്യം മറച്ചുവച്ചു. അവിവാഹിതയായ യുവതി രണ്ടാഴ്ച മുൻപ് പ്രസവിച്ച പെൺകുട്ടിയെ ഇവിടെ ഉപേക്ഷിച്ചിരുന്നു.
ഇക്കാര്യം ആശുപത്രി ഉടമകൾ പൊലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന്, ഈ പെൺകുട്ടിയെയാണ് വിവേകിന്റെയും സുഷമയുടെയും ഇരട്ടകളിൽ ഒരാളെന്നു തെറ്റിദ്ധരിപ്പിച്ചു നൽകിയത്. പിന്നിട്, ഇവരുടെ ആൺകുട്ടിയെ റിഹാനയ്ക്ക് വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.