കനത്ത നാശം വിതച്ച് അതിശക്തമഴ; കോഴിക്കോട് പെയ്തത് 66 മി.മീ മഴ, കെട്ടിടം നിലംപൊത്തി, വയനാട്ടിലും വ്യാപക നാശം

കോഴിക്കോട്: ഇടവേളക്ക് ശേഷം ശക്തമായ മഴ വടക്കൻ കേരളത്തിൽ കനത്ത നാശം വിതയ്ക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നാദാപുരത്ത് ആളൊഴിഞ്ഞ കെട്ടിടം രാവിലെ ഒമ്പത് മണിയോടെ നിലംപൊത്തി. വടകര മീത്തലങ്ങാടിയിൽ കുന്നിടിഞ്ഞതോടെ സമീപത്തെ വീടുകൾ ഭീഷണിയിലായി. മടപ്പള്ളി മാച്ചിനാരിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞു.സോയിൽ നെയിലിങ് നടത്തിയ ഭാഗമാണ് മഴയിൽ കുതിർന്നു വീണത്. നിലവിൽ ദേശീയ പാതയ്ക്ക് ഭീഷണിയില്ല. 24 മണിക്കൂറിനിടെ 66 മി.മീറ്റർ ശരാശരി മഴയാണ് ജില്ലയിൽ പെയ്തത്.

വയനാട്ടിലും വലിയ നാശമാണ് കനത്ത മഴയിൽ സംഭവിച്ചത്. ശക്തമായ മഴയില്‍ പിണങ്ങോട് റോഡ് തകർന്നു. പുഴയ്ക്കലില്‍ എടത്തറക്കടവ് പുഴയോട് ചേർന്നുള്ല 25 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇതോടെ സമീപത്തുള്ള അറ് വീടുകള്‍ ‌അപകട ഭീഷണിയിലായി. മഴയില്‍ വെണ്ണിയോട് രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നു. ചൊവ്വാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

രാവിലെ അഞ്ച് മണിയോടെയാണ് എടത്തറക്കടവ് പുഴയുടെ തീരവും റോഡും പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നാല് കൂറ്റൻ മരങ്ങളും ഒടിഞ്ഞ് പുഴയിലേക്ക് വീണു. പതിമൂന്ന് വീടുകളിലേക്കുള്ള റോഡാണ് ഇതോടെ സഞ്ചരിക്കാനാകാത്ത വിധം തകർന്നത്. പുഴയുടെ തീരത്തുള്ള പല ഭാഗങ്ങളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തീരവും റോഡും ഇടിഞ്ഞതിന് തൊട്ടടുത്ത് ഉള്ള ആറ് വീടുകള് നിലവില്‍ അപകട ഭീഷണി നേരിടുകയാണ്.

അപകടാവസ്ഥയിലായ വീടുകളിലെ കുടുംബങ്ങളോട് മാറി താമസിക്കാൻ അധികൃത‍ർ ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. തീരം ഇടിഞ്ഞതോടെ പുഴയുടെ ഒഴുക്ക് മാറിയതിനാല്‍ കുടുതല്‍ ഇടിയാനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വയനാട് വെണ്ണിയോടും രണ്ട് കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. വലിയകുന്നില്‍ കൂട്ടിയാനിക്കല്‍ മേരിയുടെയും കരിഞ്ഞകുന്ന് കുന്നത്തുപീടികയില്‍ ജലീല്‍ ഫൈസിയുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നത്. മഴയെ തുടർന്ന് മൂപ്പൈനാട് താഴെ അരപ്പറ്റയില്‍ ഒരു വീടും തകർന്ന് വീണിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story