വീണ്ടും ഉരുള്‍പൊട്ടല്‍?, മുണ്ടക്കൈ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കവേ, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ അധികൃതര്‍…

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കവേ, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ അധികൃതര്‍ അടിയന്തരമായി ഒഴിപ്പിച്ച് തുടങ്ങി. അനാവശ്യമായി ആളുകള്‍ ദുരന്തസ്ഥലത്തേയ്ക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. ഇതുവരെ 76 പേരാണ് മരിച്ചത്. മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലില്‍ മുണ്ടക്കൈ ടൗണ്‍ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

അതിനിടെ,വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പിആര്‍ഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നു. വയനാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണു മീഡിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഡിയുടെ കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. പത്മനാഭന്‍, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പി.ആര്‍.ഡിയുടെ അസിസ്റ്റന്റ് എഡിറ്റര്‍മാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും. 0493-6202529 ആണ് വയനാട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍.

സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. പ്രസ് റിലീസ് വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമില്‍നിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിര്‍വഹിക്കും. നമ്പര്‍: 0471 2327628, 2518637.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story