ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

March 12, 2025 0 By eveningkerala

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെ എത്തുന്നവർക്ക് സുരക്ഷിതമായി പൊ​ങ്കാല അർപ്പിക്കുന്നതിനായി വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്തും ന​ഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പൊങ്കാലയിടാനുള്ള ക്രമീകരണങ്ങളും ഒരുങ്ങികഴിഞ്ഞു. തിരുവനന്തപുരം ന​ഗരത്തിന്റെ വഴികളിലെല്ലാം അടുപ്പുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും പോലീസിന്റെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

തിരക്ക് കണക്കിലെടുത്ത് കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത്തവണയും പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പൊങ്കാല ആഘോഷം. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ പൊങ്കാല അർപ്പിക്കാൻ എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. റവന്യൂ, ജല അതോറിറ്റി, ആരോഗ്യം, എന്നീ വകുപ്പുകളും ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നു.

പ്രധാന ചടങ്ങുകളും സമയവും

നാളെ രാവിലെ (മാർച്ച 12) 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഇതോടെ ന​ഗരത്തിൽ ഉടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് വരെ ​ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.