പഹൽഗാം ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന, മരണം 27 | The Resistance Front is behind the Attack On Tourists In J&K’s Pahalgam

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന, മരണം 27

April 22, 2025 0 By eveningkerala

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റൻ്റ് ഫ്രണ്ട് എന്ന സംഘടന. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. മരിച്ചവരിൽ ഒരാൾ കർണാടക സ്വദേശിയാണ്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ 2019 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരക്രമണമാണെന്നാണ് വിലയിരുത്തല്‍. സൈന്യത്തിന് കനത്ത ജാഗ്രത നിര്‍ദ്ദേശം. പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണില്‍ ബന്ധപ്പെട്ടു. കശ്മീരിലേക്ക് പോകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം. ഏഴ് മണിയോടെ അമിത് ഷാ ശ്രീനഗറിലേക്ക് തിരിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ തന്റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്റ്‌സ് ബ്യൂറോയിലേയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥര്‍, എന്നിവരുള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു.