
എ.ജയതിലക് പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
April 23, 2025എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയാണ് ജയതിലക്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
സംസ്ഥാന കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 2026 ജൂണ്‍ വരെയാണ് കാലാവധി.1991 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ ജയതിലക് . മെഡിക്കല്‍ സര്‍ജറിയില്‍ ബിരുദാനന്തരബിരുദധാരിയാണ് . നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
നേരത്തെ കാര്‍ഷിക സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി, ഗ്രാമവികസന ഡയറക്ടർ, പൊതുഭരണ ഡയറക്ടർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലാ കലക്ടര്‍ കെടിഡിസി മാനേജിംഗ് ഡയറക്ടർ എന്നീസ്ഥാനങ്ങളും വഹിച്ചിരുന്നു.
2011 ൽ സ്‌പൈസസ് ബോർഡിന്റെ ചെയർമാനായി നിയമിതനായ അദ്ദേഹം 2014 സെപ്റ്റംബർ മുതൽ റബ്ബർ ബോർഡ് ചെയർമാന്‍റെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.