ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും രംഗത്ത്

ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും രംഗത്ത്

April 24, 2025 0 By eveningkerala

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികളിലേക്കു നീങ്ങുന്നതിനിടെ, ആക്രമണത്തിൽ വേദന പങ്കുവച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. എക്സിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ്, പഹൽഗാം ഭീകരാക്രമണത്തിൽ ഹഫീസ് വേദന പങ്കുവച്ചത്. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഹഫീസിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയം.

ദുഃഖം, ഹ‍ൃദയം തകരുന്നു’ – പഹൽഗാം ഭീകരാക്രമണമെന്ന ഹാഷ്ടാഗിനൊപ്പം ഹഫീസ് കുറിച്ചു. അതിനിടെ, ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കുറ്റപ്പെടുത്തി മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയയും രംഗത്തെത്തി. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പാക്ക് പ്രധാനമന്ത്രി അതിനെ അപലപിക്കാത്തതെന്ന് കനേറിയ ചോദിച്ചു

‘‘പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെങ്കിൽ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്തുകൊണ്ടാണ് അതിനെ അപലപിക്കാത്തത്? എങ്ങനെയാണ് പാക്കിസ്ഥാൻ സൈന്യം ഇത്രപെട്ടെന്ന് വൻ ജാഗ്രതയിലേക്ക് നീങ്ങിയത്? കാരണം, എന്താണ് സംഭവിക്കുന്നതെന്ന് താങ്കൾക്കും അറിയാമായിരുന്നു. നിങ്ങളാണ് ഭീകരവാദികൾക്ക് താവളമൊരുക്കുന്നതും അവരെ വളർത്തുന്നതും. ലജ്ജാകരം’ – ഡാനിഷ് കനേറിയ കുറിച്ചു.

അതേസമയം, പാക്കിസ്ഥാനുമായി ഇനി ഒരിക്കലും ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്‌ക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.