‘പഹല്‍ഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചന’! പാക്കിസ്ഥാനെ തുണച്ച് എംഎല്‍എ; അറസ്റ്റ്

‘പഹല്‍ഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചന’! പാക്കിസ്ഥാനെ തുണച്ച് എംഎല്‍എ; അറസ്റ്റ്

April 25, 2025 0 By eveningkerala

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിച്ച് പ്രസ്താവനയിറക്കിയ എംഎല്‍എയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎല്‍എ അമിനുള്‍ ഇസ്‍‍ലമിനെതിരെയാണ് നടപടി.

2019 ലെ പുല്‍വാമ ഭീകരാക്രമണവും പഹല്‍ഗാമില്‍ 26 കൊലപ്പെട്ട ഭീകരാക്രമണവും ‘സർക്കാരിന്റെ ഗൂഢാലോചനകളാണെ’ന്ന് എംഎല്‍എ ആരോപിച്ചു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസും അറസ്റ്റും.

ദിങ് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയാണ് അമിനുള്‍ ഇസ്‍ലാം. നാഗോൺ ജില്ലയിലെ വസതിയിൽ നിന്നാണ് എംഎല്‍എ അറസ്റ്റിലായത്. ഭാരതീയ ന്യായ സന്‍ഹിത 152, 196, 197(1), 113(3), 352, 353 വകുപ്പുകള്‍ പ്രകാരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയ്ക്കെതിരെയാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ പറ്റി എംഎല്‍എ വളരെ തെറ്റായ പ്രസ്താവനയാണ് നടത്തിയതെന്ന് തെളിഞ്ഞെന്ന് പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക പറഞ്ഞു.

എംഎല്‍എ തള്ളിയ പാര്‍ട്ടി അധ്യക്ഷന്‍ മൗലാന ബദറുദീന്‍ അജ്‍മല്‍, അമീനുളിന്‍റേത് തീര്‍ത്തും വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാട് സര്‍ക്കാറിനൊപ്പമാണെന്നും വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാനെ നേരിട്ടോ അല്ലാതെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹേമന്ത് ബിസ്വ ശര്‍മ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. അതിനാലാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.