
പഹൽഗാം ഭീകരാക്രമണം: 2 ഭീകരരുടെ വീടുകൾ തകർത്തു; സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നെന്ന് സേന
April 25, 2025പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇവരുടെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു. വീടുകൾ തകർത്തത് പ്രാദേശിക ഭരണകൂടമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ആസിഫ് ഫൗജി (മൂസ), സുലൈമാൻ ഷാ (യൂനുസ്), അബു തൽഹ (ആസിഫ്) എന്നിവരും പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടായിരുന്നു.
ആദിൽ ഹുസൈൻ തോക്കർ മുൻപ് അധ്യാപകനായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ബിജ്ബേഹാര ഗുരി സ്വദേശിയായ ആദിൽ പിജി വരെ പഠിച്ച ശേഷം അധ്യാപകനായി ജോലി ചെയ്തിരുന്നു. കർഷക കുടുംബത്തിൽനിന്നുള്ള ആദിലിനു 2 സഹോദരൻമാരുമുണ്ട്. കോളജ് പഠനകാലത്താണു വിഘടനവാദികൾക്കൊപ്പം ആദിൽ പ്രവർത്തനമാരംഭിച്ചത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ രഹസ്യമായി പങ്കെടുത്തു തുടങ്ങി. അക്കാലത്തൊന്നും ആദിലിനെ ആരും സംശയിച്ചിരുന്നില്ല. 2018 ൽ ഇയാളെ കാണാതായി. ഈ സമയത്ത് പാക്കിസ്ഥാനിലേക്കു പോയിരുന്നുവെന്നാണു വിവരം. പരിശീലനം നേടിയ ശേഷം കഴിഞ്ഞ വർഷമാണു കശ്മീരിൽ മറ്റു ഭീകരർക്കൊപ്പമെത്തിയതെന്നും രജൗരി, പൂഞ്ച് തുടങ്ങിയ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നെന്നുമാണു വിവരം. ആസിഫ് ഫൗജി എന്ന മൂസ മുൻപ് കുൽഗാം, രജൗരി, പൂഞ്ച് പ്രദേശങ്ങളിലുണ്ടായ നാലിലേറെ ഭീകരാക്രമണങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ച് കശ്മീർ പൊലീസ് പോസ്റ്റർ പുറത്തിറക്കിയിരുന്നു. വിവരം തരുന്നവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടില്ലെന്നും പോസ്റ്ററിലുണ്ട്. അനന്തനാഗ് സീനിയർ പൊലീസ് സൂപ്രണ്ട് (9596777666), പൊലീസ് കൺട്രോൾ റൂം (9596777669) നമ്പറുകള്‍ dpoanantnag-jk@nic.in എന്ന മെയിൽ വിലാസം എന്നിവയാണ് വിവരം അറിയിക്കാനായി നൽകിരിക്കുന്നത്.