
കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ഇന്ത്യൻ സൈന്യം; ബന്ദിപോര മേഖലയില്‍ കനത്ത ഏറ്റുമുട്ടൽ
April 25, 2025ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷകർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്‍പഷൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്. 26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.