കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

ജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി എന്നു പേരുള്ള വള്ളിച്ചെടിയാണത്. തെക്കന്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഈ ചെടിയുടെ ആദ്യ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് വയനാട് നിന്നാണ്. നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്നുള്ള തൊള്ളായിരം വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നുമാണ് ഈ കണ്ടെത്തല്‍.

ലോകത്ത് ഈ ജീനസില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ചൈന, തായ്‌വാന്‍ മുതല്‍ മ്യാന്‍മര്‍, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ് വരെ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, പടിഞ്ഞാറന്‍ പസഫിക് ദ്വീപുകള്‍ വരെ 45 സ്പീഷിസുകള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയില്‍, ഹെറ്റെറോസ്റ്റെമ്മയെ 11 സ്പീഷിസുകള്‍ പ്രതിനിധീകരിക്കുന്നു,അതില്‍ എട്ട് സ്പീഷിസുകള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയതാണ്.

കല്പറ്റ എംഎസ് സ്വാമിനാഥന്‍ ഫൌണ്ടേഷനിലെ ഡയറക്ടര്‍ ഡോ. വി.ഷക്കീല, ഗവേഷകരായ ഡോ. എന്‍. മോഹനന്‍, സലിം പിച്ചന്‍, നന്ദകുമാര്‍, ആലപ്പുഴ എസ് ഡി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോസ് മാത്യു എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍. പാല വര്‍ഗ്ഗത്തിലെ അപൂര്‍വ വള്ളി ച്ചെടികളിലൊന്നാണ് ഈ സസ്യം. മനോഹരമായ പൂക്കളും ഇലകളുമുള്ള ഇവയെ അലങ്കാരസസ്യമായി രൂപപ്പെടുത്താവുന്നതാണ്. സസ്യത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച വിശദമായ പഠനപ്രബന്ധം ലില്ലോ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles
Next Story