സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 1080 രൂപ കുറഞ്ഞു

ഗ്രാമിന്റെ വില 135 രൂപ കുറഞ്ഞ് 7,085 രൂപയുമായി

കൊച്ചി: ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ തിരിച്ചടി നേരിട്ട് സ്വര്‍ണം. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 1080 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 56,680 രൂപയായി. കഴിഞ്ഞ ദിവസം 57,760 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 135 രൂപ കുറഞ്ഞ് 7,085 രൂപയുമായി.

യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച വിജയം നേടിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,617 ഡോളര്‍ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 76,714 രൂപ നിലവാരത്തിലാണ്.

നിലവില്‍ സ്വര്‍ണത്തിന് അനുകൂല ഘടകങ്ങള്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. ട്രംപിന്റെ വിജയവും യുഎസ് ധനനയവും പലിശ നിരക്കിലെ ഇളവ് തുടങ്ങിയ അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയെ പ്രതികൂലമായി ബാധിച്ചു. ട്രംപിന്റെ മടങ്ങിവരവും നയങ്ങളും പണപ്പെരുപ്പം കൂട്ടുമെന്നും നിരക്ക് കുറയ്ക്കലിന്റെ വേഗം കുറയുമെന്നുമൊക്കെയുള്ള ഊഹോപോഹങ്ങളാണ് തിരിച്ചടിയായത്.

Related Articles
Next Story