സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞു വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ

കൊച്ചി: വെർച്വൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. ഡൽഹി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.


ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളിൽ വന്നത്. അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്.

പിന്നാലെ കൊച്ചി സ്വദേശി പരാതി നൽകുകയായിരുന്നു. പ്രിൻസ് സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. നാലര കോടിയോളം രൂപ പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

സ്ഥിരം സൈബർ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടർന്നതെന്ന് പൊലീസ് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളിൽ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകൾ വന്നാൽ ഒരുതരത്തിലും തട്ടിപ്പിന് നിന്നുകൊടുക്കരുതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ സജീവമാണെന്നും പൊലീസ് പറയുന്നു.

Related Articles
Next Story