യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; അടുപ്പമുണ്ടായിരുന്നയാള്‍ കസ്റ്റഡിയില്‍

യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ഏതാനും ആഴ്ച മുന്‍പാണ് കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെ കാണാതായത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. വിജയലക്ഷ്മിയെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുകയും ജയചന്ദ്രന്റെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും തുടര്‍ന്ന് ജയചന്ദ്രന്‍ ഇവരെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്താകാമെന്നാണ് പോലീസ് നിഗമനം.

കരുനാഗപ്പള്ളി പോലീസ് തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രാഥമികമായ പരിശോധനകള്‍ നടത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരും പോലീസ് നായ്ക്കളും ചൊവ്വാഴ്ച രാവിലെ ഇവിടെ പരിശോധന നടത്തിവരികയാണ്. പത്ത് മണിയോടെ ജയചന്ദ്രന്റെ വീടിന്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിക്കുമെന്നാണ് ലഭ്യമായ വിവരം.

Related Articles
Next Story