ഭാര്യ അറിയാതെ അവരുടെ സ്വർണം പണയം വെക്കുന്നവർ സൂക്ഷിക്കുക! കാസർക്കോട് സ്വദേശിയുടെ ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി

വിവാഹ സമ്മാനമായി ലഭിച്ച സ്വർണം ഭാര്യയുടെ അനുവാദമില്ലാതെ പണയം വെക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവെച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയം വെച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സ്വർണം ബാങ്കിൽ പണയം വച്ചതിനുശേഷം ലോക്കറിൽ വച്ചതായുള്ള വ്യാജ രേഖകൾ ഇയാൾ ഭാര്യയെ കാണിച്ചു. പിന്നീട് ദാമ്പത്യത്തിൽ വിള്ളൽ വീണു. ഇതോടെ ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ക്രിമിനൽ വിശ്വാസവഞ്ചനയ്‌ക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് കാസർകോട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്. കാസർകോട് മജിസ്‌ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്.

Related Articles
Next Story