വയനാടിനായി ഹൃദയം തുറന്ന് 25 ഗായകർ; ആൽബത്തിൽ നിന്നുള്ള വരുമാനം ദുരന്ത ബാധിതർക്ക്

കോഴിക്കോട് ∙ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തത്തിൽ മനംനൊന്ത കേരളത്തിലെ സംഗീത കലാകാരൻമാർ, വയനാടിനെ വീണ്ടെടുക്കാനായി ചെയ്ത സംഗീത വിഡിയോ ആൽബം ‘ഹൃദയമേ’ പുറത്തിറക്കി. ‘‘ഹൃദയമേ ഹൃദയമേ ആദരം നൽകുവാൻ, പ്രളയമാം പ്രാണ ദുരിതങ്ങളിൽ കനിവുമായി വന്ന ജന്മങ്ങളെ, സൈനികരെ വരവേൽക്കുവാനായി കേരളമേ ഒന്നായിടാം, സൈനികരെ കൈകൂപ്പിടാം നാം.... എന്നു തുടങ്ങുന്ന ഗാനം വയനാടിന്റെ ദുരിത കാഴ്ചകളും ഇന്ത്യൻ സൈനികരുടെ സാഹസിക രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളുമാണ് അവതരിപ്പിക്കുന്നത്.

ഈ വിഡിയോ ആൽബം ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണം കൂടിയാണ്. 25 ഗായകരാണ് ഈ ആൽബത്തിൽ വയനാടിനായി ഒരുമിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ രാജേഷ്ബാബു കെ.ശൂരനാടിനും പിന്നണി ഗായകൻ പി.കെ.സുനിൽകുമാറിനും തോന്നിയ ആശയമാണ് ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്കു വഴി തെളിയിച്ചത്. മനോഹരമായ വയനാടിനെ വീണ്ടെടുക്കാൻ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ വിഡിയോ സംഗീത ആൽബം രൂപം കൊള്ളുന്നത്

രാജേഷ് ബാബുവും സുനിൽകുമാറും ആദ്യം സമീപിച്ചത് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെയാണ്. അദ്ദേഹം സന്തോഷപൂർവം ഈ ദൗത്യത്തിൽ പങ്കാളിയായി. വയനാട്ടിലെ ദുരന്തത്തിൽ പൊലിഞ്ഞുപോയവരെ സ്മരിച്ചും രക്ഷാപ്രവർത്തനം നടത്തിയ സൈനികരെ ആദരിച്ചുമുള്ള ഗാനം സൗജന്യമായി എഴുതി നൽകി.

പിന്നീട് പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ, പിന്നണി ഗായകരായ ഉഷാ ഉതുപ്പ്, എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണിക്കൃഷ്ണൻ, സിത്താര, മൃദുല വാരിയർ, നിത്യാ മാമ്മൻ, അനുരാധാ ശ്രീറാം, മിൻമിനി, പി.കെ.സുനിൽ കുമാർ തുടങ്ങിയ 25 ഗായകരാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ഗായകരെ പാടിപ്പിച്ച് 5 ദിവസം മാത്രം എടുത്താണ് ഈ സംഗീത വിഡിയോ ആൽബം തയാറാക്കിയത്.

വയനാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുറത്തിറക്കിയ ഈ സംഗീത വീഡിയോ ആൽബത്തിൽ നിന്നുള്ള വരുമാനം വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകാനാണ് ഇതിന്റെ സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. വയനാടിനൊപ്പം എന്ന ടാഗിൽ പുറത്തിറങ്ങിയ ആൽബം കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധായകൻ രാജേഷ്ബാബു കെ.ശൂരനാട്, ഗായകൻ പി.െക.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Admin
Admin  
Related Articles
Next Story