സിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കിയോ സര്‍ക്കാര്‍ ? ; ബലാത്സംഗകേസില്‍പെട്ട നടന്മാര്‍ക്ക് ഇരട്ടനീതിയോ?
എന്തുകൊണ്ട് ഹേമാ കമ്മറ്റിയില്‍ ബലാത്സംഗ കുറ്റത്തില്‍ കുടുങ്ങിയ നടന്മാര്‍ക്ക് രണ്ടു നീതി കിട്ടിയെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിറയുന്നു . നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. എന്നാല്‍ മറ്റ് ചില നടന്മാര്‍ക്കെല്ലാം ജാമ്യം കിട്ടുകയും ചെയ്തു. സിദ്ദിഖിന്റെ കേസില്‍ പ്രോസിക്യൂഷന്‍ കാട്ടിയ കരുതല്‍ എന്തുകൊണ്ട് മറ്റ് നടന്മാരുടെ കേസിലുണ്ടായില്ലെന്നതാണ് ഉയരുന്ന ചോദ്യം.
സിദ്ദിഖിനെ വീഴ്ത്താന്‍ തെളിവുകള്‍ ശേഖരിച്ച് വലവിരിച്ചപ്പോള്‍ മുകേഷിന് ജാമ്യം കിട്ടാന്‍ എല്ലാം എളുപ്പമാക്കി സര്‍ക്കാര്‍ കുടപിടിച്ചുവെന്നും ആരോപണമുണ്ട്. ഇതിനൊപ്പം മുകേഷ് കേസിലെ ഇരയ്‌ക്കെതിരേയും കേസെടുത്തു. അങ്ങനെ ഇരയെ സമ്മര്‍ദ്ദത്തിലാക്കി നിശബ്ദമാക്കാനും കഴിഞ്ഞു. ഇന്ന് ഇരയും പോക്‌സോ കേസില്‍ ജാമ്യം എടുക്കേണ്ട അവസ്ഥയിലായി.
സിദ്ദിഖിന്റെ ജാമ്യക്കേസില്‍ കോടതി വിധി വരുന്ന ദിവസം നോക്കി മുകേഷിനെ അറസ്റ്റ് ചെയ്തും സഹായമായി. അതുകൊണ്ട് തന്നെ ചാനല്‍ ചര്‍ച്ചകളിലും പത്ര വാര്‍ത്തകളിലും മുകേഷിന്റെ അറസ്റ്റ് രണ്ടാമതായി. ജാമ്യ വിധി എന്തു തന്നെയായാലും ആ ദിവസത്തെ ചര്‍ച്ച സിദ്ദിഖിലേക്ക് മാറുമെന്നത് വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് ആ ദിവസം തന്നെ മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും സൂചനയുണ്ട്.
ബലാത്സംഗകേസില്‍ പെട്ട നടന്മാര്‍ക്ക് പിണറായിയുടെ ഇരട്ടനീതിയെന്ന ആക്ഷേപം ചര്‍ച്ചയാക്കുകയാണ് ഈ സംഭവങ്ങള്‍. എല്ലാ കേസുകളും ഒരു പോലെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്ന വിലയിരുത്തല്‍ സിനിമയിലെ പരാതിക്കാര്‍ക്കിടയില്‍ സജീവമാണ്.
സിദ്ദിഖ് കേസില്‍ കരുതലോടെ പോലീസ് തെളിവ് ശേഖരണം നടത്തി. മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ അടക്കം വീണ്ടെടുത്തു. ഇരയുടെ മൊഴി വസ്തുതാപരമെന്ന നിലപാടും എടുത്തു. അതുകൊണ്ടാണ് സിദ്ദിഖിന് ജാമ്യം കിട്ടാത്തത്. എന്നാല്‍ മുകേഷ് കേസില്‍ മറിച്ചാണ് സംഭവിച്ചതെന്നാണ് ആരോപണം. മുകേഷ് കേസില്‍ ജാമ്യം തള്ളിയ കോടതി വിധിക്കെതിരെ അപ്പീലും നല്‍കിയില്ല. ഇതിനിടെ ഇരയ്‌ക്കെതിരേയും ഗുരുതര ആരോപണമെത്തി. ഇതിലും പോലീസ് കൃത്യമായി തന്നെ ഇടപെടല്‍ നടത്തി. ഇതോടെ മുകേഷിന്റെ ജാമ്യ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയും വന്നു. മുകേഷ് കേസില്‍ അപ്പീല്‍ നല്‍കണമെന്ന നിലപാട് പോലീസിലെ ചിലര്‍ക്കുണ്ടായിരുന്നു. അത് വാര്‍ത്തയുമായി. എന്നാല്‍ സര്‍ക്കാര്‍ അതിനോട് വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ജയസൂര്യ, വികെ പ്രകാശ്, ശ്രീകുമാര്‍ മേനോന്‍, മണിയന്‍പിള്ള രാജു, ബാബുരാജ് തുടങ്ങിവയര്‍ക്കെതിരെ എല്ലാം ആരോപണം ഉയര്‍ന്നു. ഇതില്‍ ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ക്കും മുകേഷിനെ പോലെ ബലാത്സംഗ കുറ്റമുണ്ട്. ശ്രീകുമാര്‍ മേനോനെതിരേയും ഗുരുതര ആരോപണമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയൊന്നും പോലീസ് കരുതലോടെയുള്ള തെളിവ് ശേഖരണം നടത്തുന്നില്ല. സിദ്ദിഖിനെതിരെ അതുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹേമാ കമ്മറ്റിയിലെ ഇരട്ട നീതി ചര്‍ച്ചകളില്‍ എത്തുന്നത്. സംവിധായകന്‍ രഞ്ജിത്തിനും ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പോലീസ് ഇട്ടത്
സിദ്ദിഖിനെ എത്രയും വേഗം പിടികൂടാനാണ് പോലീസ് ശ്രമം. അതിനിടെ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ്, അറസ്റ്റ് വിലക്കണമെന്ന ആവശ്യം ജസ്റ്റിസ് സി എസ് ഡയസ് നിരസിച്ചത്. ഇതൊടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ നടനെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. സിദ്ദിഖിനെതിരെ കോടതി വിധി വന്നതും പോലീസ് ചടുല നീക്കത്തിലായി. എന്നാല്‍ അതിന് മുമ്പേ ചെയ്യേണ്ടത് ചെയ്തതുമില്ല.
സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും മുന്‍കൂര്‍ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2016ല്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.