ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകി. സഫ്ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളിൽ ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

കോവിഡുമായി എംപോക്സിന് ഒരു ബന്ധവുമില്ല. നോഡൽ ഓഫീസർമാർ ആശുപത്രികളിലുണ്ട്. 32 ഐ.സി.എം.ആർ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മരണ സാധ്യത കൂടുതലാണെങ്കിലും ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര ഞായറാഴ്ച എംപോക്‌സ് നേരിടുന്നതിനുള്ള അവലോകന യോഗത്തിന് നേതൃത്വം നൽകി. നിലവിൽ രാജ്യത്ത് എംപോക്‌സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായതിനാൽ ലോകാരോഗ്യ സംഘടന എംപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തരംതിരിച്ചിട്ടുണ്ട്.

Related Articles
Next Story