ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ തിരിഞ്ഞത് വോട്ടുബാങ്കിന് വേണ്ടി: കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങി:ട്രൂഡോയ്‌ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

ഇത് വോട്ടുബാങ്ക് രാഷ്ട്രീയം; ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യാവിരുദ്ധ ശക്തികളെ ട്രൂഡോ കൂട്ടുപിടിക്കുകയാണെന്നും കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു. ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിം​ഗ് നിജ്ജാർ കൊലക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സംശയത്തിന്റെ നിഴലിലാണെന്ന് കാനഡ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത്.

2023 സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഒരു തെളിവും സമർപ്പിക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വസ്‌തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാർ തുടരുന്നത്. അതിനാൽ കേസന്വേഷണത്തിന്റെ മറവിൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ട്രൂഡോ.

ഇന്ത്യൻ ഹൈക്കമ്മീഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും കേസിൽ ബന്ധമുണ്ടെന്ന് വാദിക്കുന്ന തരത്തിലുള്ള നയതന്ത്ര ആശയവിനിമയം കഴിഞ്ഞ ദിവസം കാനഡയിൽ നിന്ന് ഇന്ത്യക്ക് ലഭിച്ചു. അപകീർത്തികരമായ ഇത്തരം ആരോപണങ്ങൾ ഭാരതസർക്കാർ ശക്തമായി നിരാകരിക്കുന്നു. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ അജണ്ടകളാണ് ട്രൂഡോ സർക്കാർ നിറവേറ്റുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും നേതാക്കളെയും ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും തീവ്രവാദികൾക്കും ഭീകരർക്കും ട്രൂഡോ സർക്കാർ ബോധപൂർവം ഇടം നൽകി. ഭാരതത്തിന്റെ ഔദ്യോഗിക പ്രതിനിധികൾ വധഭീഷണി അടക്കം നേരിട്ടു. ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുകയായിരുന്നു. കാനഡയിലേക്ക് അനധികൃതമായി പ്രവേശിച്ച ചില വ്യക്തികൾ കനേഡിയൻ പൗരത്വത്തിനായി അതിവേ​ഗം ശ്രമിക്കുകയാണ്. കാനഡയിൽ താമസിക്കുന്ന സംഘടിത കുറ്റവാളികളെയും തീവ്രവാദികളെയും കൈമാറണമെന്ന് ഭാരതസർക്കാർ നിരന്തരം അഭ്യർത്ഥിച്ചിട്ടും അതെല്ലാം അവ​ഗണിക്കപ്പെടുകയാണ് ചെയ്തത്.

ഇന്ത്യയോട് പ്രധാനമന്ത്രി ട്രൂഡോയ്‌ക്കുള്ള ശത്രുത വളരെക്കാലമായി വ്യക്തമാണ്. 2018-ൽ, വോട്ടുബാങ്ക് ലക്ഷ്യമിട്ട് അദ്ദേഹം ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലെ വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ള വ്യക്തികളെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബറിൽ ഇന്ത്യയുടെ ആഭ്യന്തര രാഷ്‌ട്രീയ കാര്യത്തിൽ ട്രൂഡോ നടത്തിയ ഇടപെടൽ വിഘടനവാദികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ കനേഡിയൻ സർക്കാർ തയ്യാറാണെന്നതിന്റെ സൂചനയാണ്. ഇന്ത്യക്കെതിരെ വിഘടനവാദ​ ആശയം പരസ്യമായി ഉയർത്തുന്ന രാഷ്‌ട്രീയ പാർട്ടിയെ ആശ്രയിച്ചാണ് കനേഡിയൻ സർക്കാർ ഇപ്പോഴും നിലകൊള്ളുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ.

കനേഡിയൻ രാഷ്‌ട്രീയത്തിൽ നിലവിലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയെ ബോധപൂർവം വലിച്ചിടുകയാണ്. ഇന്ത്യൻ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്ന പുതിയ നീക്കങ്ങൾ അതിന്റെ ഭാ​ഗമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി.

Related Articles
Next Story