കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കൾ ഐസിയുവിൽ

ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അ‌ഞ്ച് വയസുകാരന്റെ മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാസന്ന നിലയിലാണ് ഇവരെന്നാണ് വിവരം. സ്വിഗ്ഗിയിൽ ഡെലിവറി ബോയായി ജോലിനോക്കുന്ന ബാൽരാജുവും ഭാര്യ നാഗലക്ഷ്‌മിയുമാണ് കെംപെ‌ഗൗഡ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലുള്ളത്.

ബാൽരാജുവിന്റെ വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യാ ശ്രമമാണോ എന്നതും പരിശോധിക്കുന്നുണ്ട്. പരിശോധനാ ഫലം വന്നശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

കെ പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അത്യാഹിതത്തിൽ സ്വിഗ്ഗി അനുശോചനം അറിയിച്ചു. സംഭവം ഹൃദയഭേദകമായിരുന്നു എന്നും ബാൽരാജുവിനെയും കുടുംബത്തെയും ആശുപത്രിയിൽ സന്ദർശിച്ചതായും വേണ്ട പിന്തുണ നൽകുമെന്നും സ്വിഗ്ഗി വക്താവ് പ്രതികരിച്ചു. ബംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളിൽ വിൽക്കുന്ന 12 തരം കേക്കുകളിൽ നടത്തിയ പരിശോധനയിൽ ഇവ ക്യാൻസറിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചുവയസുകാരൻ മരിച്ചത്.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS