മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ കായിക മന്ത്രീ’ ; കേരളാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ
യണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കാൻ കോടികൾ മുടക്കുമ്പോൾ കേരളാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ. നാലു മാസത്തോളമായി ശമ്പളം മുടങ്ങിയ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരും പരിശീലകരും പണമില്ലാതെ നട്ടം തിരിയുകയാണ്. ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച രാപ്പകൽ സമരം ആരംഭിക്കുന്നത്. ‘മെസ്സിക്ക് നൽകാൻ പണമുണ്ട്, ഞങ്ങളുടെ വിശപ്പകറ്റാൻ പണമില്ലേ കായിക മന്ത്രീ’ എന്ന മുദ്രാവാക്യവുമായാണ് സമരം നടത്തുന്നത്. ഹോസ്റ്റൽ ഭക്ഷണത്തിനുള്ള തുക അടിയന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
ഈ അധ്യായന വർഷം തുടങ്ങിയശേഷം ഇതുവരെ ഭക്ഷണ സാധനങ്ങൾക്കുള്ള പണം അനുവദിച്ചില്ല. ഇതോടെ ഹോസ്റ്റലുകളിലേക്ക് മാംസം ഉൾപ്പെടെയുള്ളവ നൽകിയിരുന്ന കടകൾ സാധനങ്ങൾ നൽകുന്നത് നിർത്തി. വാർഡന്റെ ഉത്തരവാദിത്തത്തിലാണ് ഹോസ്റ്റലിലേക്ക് സാധനങ്ങൾ വാങ്ങുന്നത്. നാലു മാസത്തോളമായി ശമ്പളം കിട്ടാതെ നട്ടം തിരിയുന്ന ഹോസ്റ്റർ വാർഡൻ കടക്കാരെ കാണാതെ ഒളിച്ചു നടക്കേണ്ട ഗതികേടിലാണ്. പാലും മുട്ടയും മാംസവും ഉൾപ്പെടെ ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണമാണ് ദിവസവും നൽകുന്നത്. വയനാട്ടിലെ ഒരു ഹോസ്റ്റലിൽ പാചകത്തിനുള്ള ഗ്യാസ് നൽകുന്നത് ഗ്യാസ് ഏജൻസി നിർത്തി. ഇതോടെ ഈ ഹോസ്റ്റലിലെ കുട്ടികൾ ഏറെക്കുറെ പട്ടിണിയിലായ അവസ്ഥയിലാണെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു .
താൽക്കാലിക ജീവനക്കാർക്ക് തുച്ഛമായ തുകയാണ് ശമ്പളം നൽകുന്നത്. വാർഡൻമാർക്ക് 18,000 രൂപയോളവും പരിശീലകർക്ക് 25,000 രൂപയോളവുമാണ് നൽകുന്നത്. ഓഗസ്റ്റിലെ പകുതി ശമ്പളം സെപ്റ്റംബറിൽ ഓണത്തിനോടനുബന്ധിച്ച് നൽകി. പിന്നീട് ശമ്പളത്തെപ്പറ്റി യാതൊരു വിവരവുമില്ല. വിവിധ ജില്ലകളിലെ കായിക പരിശീലന സ്ഥാപനങ്ങളിലെ നൂറ്റിമുപ്പതോളം ജീവനക്കാരുടെ ശമ്പളമാണ് ഓഗസ്റ്റ് മുതൽ മുടങ്ങിയത്. പരിശീലകരും വാർഡൻമാരും പാചകക്കാരും സ്വീപ്പർമാരും ഇക്കൂട്ടത്തിലുണ്ട്.
ഈ വർഷം ജനുവരിയിൽ കോടികളൊഴുക്കി തിരുവനന്തപുരത്ത് രാജ്യാന്തര സ്പോർട് സമ്മിറ്റ് നടത്തിയതാണ് സ്പോർട്സ് കൗൺസിലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു. അതിനുശേഷം ശമ്പളം ലഭിക്കുന്നത് മൂന്നു മാസത്തിലൊരിക്കലായി. അതും പല തവണയായാണ് ലഭിച്ചത്. അതിനിടെ പാചകക്കാർക്ക് ഇന്നലെ 14 ദിവസത്തെ ശമ്പളം ലഭിച്ചു.
സ്ഥിരം ജീവനക്കാർ ശമ്പളം കിട്ടാതെ വന്നാൽ പണി മുടക്കുകയും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയും ചെയ്യും. പിരിച്ചുവിടുമെന്ന ഭയത്താൽ താൽക്കാലിക ജീവനക്കാർ സമരത്തിനിറങ്ങാൻ മടിച്ചു നിൽക്കുകയാണ്. ഇതിനിടെയാണ് ഭക്ഷണം മുടങ്ങിയതോടെ കായിക താരങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. അതേസമയം, ശമ്പളം കിട്ടാത്ത താൽക്കാലിക ജീവനക്കാർ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.