‘തെറ്റായ ഉദ്ദേശ്യത്തോടെ ഹണി റോസിനോട് പെരുമാറിയിട്ടില്ല; ഇപ്പോൾ പരാതിയുമായി വരാൻ കാരണമെന്തെന്ന് അറിയില്ല’; ബോബി ചെമ്മണ്ണൂര്‍

മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ടെന്നും ബോബി

തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാന്‍ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാല്‍ അതില്‍ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാന്‍ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി”.

” തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല. ഹണി റോസിന്റെ മാനേജര്‍ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തില്‍ മറ്റൊരു രീതിയില്‍ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാന്‍ പറയാത്ത വാക്ക് സമൂഹമാധ്യമത്തില്‍ ചിലര്‍ ഉപയോഗിച്ചു. അത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം.”ബോബി ചെമ്മണൂര്‍ പറഞ്ഞു.

Related Articles
Next Story