അത് ജസ്‌നയല്ല, സിബിഐ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം; വിശദീകരണവുമായി പിതാവ്

മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്

കോട്ടയം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തല്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു.

അന്ന് സിസിടിവിയില്‍ കണ്ടത് ജസ്‌ന അല്ലെന്ന് അന്നേ കണ്ടെത്തിയതാണ്. അവര്‍ പറഞ്ഞത് സത്യമാകാന്‍ ഒരു സാധ്യതയുമില്ല. ഒരു മാസം മുമ്പ് തനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. തനിക്കൊപ്പം സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ അവര്‍ക്കരികിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ജസ്നയ്ക്കൊപ്പം ഒരു യുവാവ് ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജസ്നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജുടമ പ്രതികരിച്ചിരിക്കുന്നത്.

Related Articles
Next Story