വയനാട് ഉരുൾ പൊട്ടൽ: ഒരാൾ പോലും അവശേഷിക്കാതെ 17 കുടുംബം; ഒറ്റ ബന്ധുക്കൾ പോലുമില്ലാതെ അഞ്ചുപേർ

ദുരന്തത്തിൽപ്പെട്ട 119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്

തിരുവനന്തപുരം: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിൻ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എൻ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. 119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. കണ്ടെത്തെത്താൻ അവശേഷിക്കുന്നവരുടെ ബന്ധുക്കളിൽ നിന്നും 91 പേരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരനധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുക. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ ക്യാംപുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാം.

സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു നൽകിയിട്ടുണ്ട്. 22 കുടുംബങ്ങൾ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കണ്ടെത്തി നൽകുന്നതിൽ കാര്യമായ തടസ്സം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles
Next Story