മുകേഷിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും: ജാമ്യാപേക്ഷക്കെതിരെ പോലീസ് കോടതിയിലേക്ക്
കൊച്ചി: സിനിമ പീഡനത്തിൽ നടനും എംഎഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇതു സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും.
ബലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. കെപിസിസിയുടെ മുൻ ലീഗൽ സെൽ ചെയർമാൻ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്. ഇന്നലെ മുകേഷിന്റെ മരടിലെ വീട്ടിൽ നടിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖിനെതിരായ പരാതിയിലും ആരോപണം ഉന്നയിച്ച നടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.