മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍, ജാമ്യം

കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റിന് പിന്നാലെ ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റിന് പിന്നാലെ ജാമ്യത്തില്‍ വിട്ടു.


ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസില്‍ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ അഭിഭാഷകനോട് ഒപ്പമാണ് മുകേഷ് എത്തിയത്. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലായിരുന്നു ചോദ്യംചെയ്യല്‍. മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.

ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles
Next Story