നടൻ ടി.പി മാധവൻ അന്തരിച്ചു, വിട പറഞ്ഞത് മലയാള സിനിമയിലെ മുതിർന്ന അഭിനേതാവ്
കൊല്ലം: പ്രശസ്‌ത നടൻ ടി.പി മാധവൻ (88) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ടി.പി മാധവൻ. 600ൽ അധികം സിനിമകളിൽ വ്യത്യസ്തവേഷങ്ങൾ ചെയ‌്തു. ഒമ്പത് വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. പ്രത്യേക മുറി തന്നെ മാധവനായി ഗാന്ധിഭവനിൽ ഒരുക്കിയിരുന്നു.
എട്ട് വർഷം മുമ്പ് സിനിമയിൽ നിന്ന് വിട്ട് തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതായിരുന്നു ടി പി മാധവൻ. അവിടെവച്ച് മുറിയിൽ കുഴഞ്ഞുവീണു. സന്യാസിമാരും മറ്റുള്ളവരുമെല്ലാം ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഏറെക്കുറേ നടക്കാമെന്നായപ്പോൾ അവർ കേരളത്തിലേക്ക് വണ്ടി കയറ്റിവിട്ടു. തിരുവനന്തപുരത്തെ ലോഡ്‌ജ് മുറിയിലായിരുന്നു താമസം. ദുരിത ജീവിതം നയിക്കുന്നതിനിടയിൽ സീരിയൽ സംവിധായകൻ പ്രസാദാണ് ഗാന്ധിഭവനിലെത്തിച്ചത്. ആരോഗ്യം കുറച്ച് മെച്ചപ്പെട്ടപ്പോൾ ചില സീരിയലുകളിലും അഭിനയിച്ചിരുന്നു.
പ്രശസ്ത അദ്ധ്യാപകൻ പ്രൊഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. നടൻ മധുവാണ് മാധവന് സിനിമയിലേക്കുള്ള അവസരം നൽകുന്നത്. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മാധവൻ മുംബയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിലാണ് നടൻ മധുവിനെ പരിചയപ്പെടുന്നതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തത്.
സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷ പ്രവർത്തിച്ചു.ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതർ നൽകിയിരിക്കുന്നത്. ഈ മുറിയിൽ ടിപി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും നിരത്തിവച്ചിട്ടുണ്ട്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാർഡും, പ്രേംനസീർ അവാർഡും എല്ലാം ഇതിൽപെടുന്നു.
മകൻ രാജകൃഷ്ണമേനോൻ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് രണ്ടരവയസ് പ്രായമുള്ളപ്പേഴാണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയലേക്ക് മാത്രമായി ജീവിതം മാറ്റി വച്ചത്. സിനിമാമോഹം കൂടിയപ്പോൾ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല. സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.