യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ താരങ്ങൾക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നടപടി. നിരവധി പ്രമുഖ നടന്മാർക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെ പരാതിക്കാരിയായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ഈ നടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബീനാ ആന്റണിയും മനോജും സ്വാസികയും രംഗത്തെത്തിയത്.

പരാതിക്കാരിയായ നടിക്കെതിരെ പോക്സോ കേസിൽ ബന്ധു പരാതി നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും ആരോപിച്ചു നടിക്കെതിരെ ബാലചന്ദ്രമേനോനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles
Next Story