സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍ നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
'അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വര്‍ണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്' മുഖ്യമന്ത്രിയുടെ അഭിമുഖമായി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു.
എന്നാല്‍ അഭിമുഖത്തില്‍ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സര്‍ക്കാരിനോ ഇല്ലെന്നും കത്തില്‍ പറയുന്നു. ആര്‍.എസ്.എസിനെതിരെയും ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുംനിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തില്‍ പറയുന്നു.